നഗരത്തില്‍ എന്തോ പഠിച്ചു കൊണ്ടിരുന്ന കാലം. ഒരു പാട് പഠിച്ചിട്ടില്ലാത്തത് കൊണ്ട് എന്തായിരുന്നു പഠിച്ചോണ്ടിരുന്നത് എന്നത് ഇന്നും അജ്ഞാതമാണ്. അന്നും ശാപ്പാടെന്നു കേട്ടാല്‍ കമഴ്ന്നടിച്ചു വീഴുന്ന പതിവുണ്ടായ്കയാല്‍, അത്തരം സദ്‌വാര്‍ത്തകള്‍ കേള്‍ക്കാന്‍ മനസ്സ് എന്നും വിശന്നു കൊതിച്ചു പോന്നു. എന്തെങ്കിലും അത്യാവശ്യത്തിനു വീട്ടില്‍ നിന്നും എങ്ങോട്ടെങ്കിലും പറഞ്ഞയച്ചാല്‍, മേല്‍ പ്രസ്താവിച്ച വിശപ്പും എന്റെയോന്നിച്ചു ഭാണ്ഡം മുറുക്കി പുറപ്പെടുക പതിവായിരുന്നു. അക്കാലങ്ങളില്‍, ടൌണില്‍ നിന്നും എന്തെങ്കിലും കഴിക്കാതെ വീട് പൂകുന്ന പതിവും ഇല്ലായിരുന്നു. ഇത്രയും ആമുഖമായി പറഞ്ഞു കൊള്ളട്ടെ.
ഒരുനാളില്‍ പതിവുപോലെ സംഭാഷണ മദ്ധ്യേ ഭക്ഷണ വിഷയം കടന്നു വന്നപ്പോള്‍, കുമാരന്‍ ഗുമസ്തന്‍ മകന്‍ വിജയനാണ് അത് പറഞ്ഞത്, വടകരയില്‍ ഒരു പുതിയ ശാപ്പാട് കേന്ദ്രം തുറന്നിരിക്കുന്നു. മാവേലി സ്റൊരുകാരുടെ വക, സബ്‌സിഡിയോടെ ഇല നിറച്ചുണ്ണാന്‍ പറ്റിയ ഒരു റസ്റൊറന്റ്റ്. ഉടനെ മനസ്സില്‍ കുറിച്ചു, അടുത്ത വടകര സന്ദര്‍ശനത്തിന്റെ ഡയറിയില്‍ ഇവനെ ശരിപ്പെടുത്തിയെക്കാം. മാതൃഭൂമി വടകരയിലാകയാല്‍, ചില വാരാന്തങ്ങളിലും മറ്റും സന്ദര്‍ശനം പതിവായിരുന്നു.
പ്രതീക്ഷിച്ച വാരാന്തം വന്നെത്തി. അമ്മാവനെ കാണാന്‍ പോകുന്നു. ചില വീട്ടു കാര്യങ്ങള്‍, കൂട്ടത്തില്‍ എന്റെ ശാപ്പാട് പരിപാടിയും. ഉച്ചയോടെ അമ്മാവന്റെ കടയിലെത്തി. ഭയങ്കര തിരക്ക്. ഒരു നിമിഷം പോലും സംസാരിക്കാന്‍ സാധ്യമല്ലാത്ത തിരക്ക്. മൊത്തക്കച്ചവടത്തിന്റെ മൂര്‍ധന്യം. സുഹൈലെ, ഒരു മിനിറ്റേ...ഇടയ്ക്കിടക്ക് അമ്മാവന്‍ വിളിച്ചു പറയുന്നതല്ലാതെ സീറ്റില്‍ നിന്നെണീക്കാന്‍ പോലും സമയമില്ല. ഒന്നര മണിയായപ്പോള്‍ സമയബന്ധിതമായി വിശപ്പ് എന്നെ പിടികൂടുകയും, രണ്ടു മണിയോടെ ആക്രാന്തത്തോടെ കടന്നാക്രമണവും തുടങ്ങി. അമ്മാവന്‍ ഇളകുന്ന മട്ടില്ല. ഞാന്‍ പെട്ടെന്ന് പറഞ്ഞു, അമ്മാവോ, ഒരു ചങ്ങാതിയെ കണ്ടു ഇപ്പോഴിങ്ങേത്തിയെക്കം. ഓക്കേ ഓക്കേ അതാ നല്ലത്. അമ്മാവന്‍ ഉവാച. കേട്ട പാതി കേള്‍ക്കാത്ത പാതി, മാവേലി റസ്റൊറന്റിലെക്ക് ഒരോട്ടം. തൂശനിലയില്‍ ഉഗ്രന്‍ സദ്യ തന്നെ. മനം കുളിര്‍ത്തു. ഒരു കിണ്ണം നിറയെ ഒന്നാന്തരം പാലക്കാടന്‍ മട്ടയുടെ ചോറ്, വെണ്ടയ്ക്കാസാമ്പാര്‍, മോര് തേങ്ങാപാലില്‍ കാച്ചിയത്, ഇളം മഞ്ഞ നിറത്തില്‍ മനം നിറച്ച് അവിയല്‍, കാബേജ് വറുത്തത്, തൈര്, കുമിള പോലെ പൊന്തിയ പപ്പടം, രസമുകുളങ്ങളെ കീഴടക്കാന്‍ മുളകും, ഉപ്പും, കായവും ചേര്‍ത്ത് കാച്ചിയ രസം..ഒന്നും പറയണ്ട, ഞാനങ്ങു നിറഞ്ഞു. ഒരു ശാപ്പാട് രണ്ടാള്‍ക്ക് കഴിക്കാം. ഞാനാകട്ടെ, ഒരു വീര്‍പ്പിനു രണ്ടാള്‍ മാതിരി മുഴുവനും അകത്താക്കി. തുടര്‍ന്ന്‍ ഒന്നും സംഭവിക്കാത്തത് പോലെ വീണ്ടും അമ്മാവ സന്നിധിയിലേക്ക്. എന്നെ കണ്ടതും പുലി ചാടിയിറങ്ങി, "ങ്ഹാ..നീയെവിടെപ്പോയിരുന്നു, ഞാന്‍ നിന്നെയും കാത്ത്തിരിപ്പല്ലേ, വാ ചന്ദ്രാ (പാര്‍ട്ട്ണര്‍) ഇന്ന് സുഹൈലുള്ളതല്ലേ, നമുക്ക് ആ പുതിയ മാവേലി റസ്ടാറന്റില്‍ തന്നെ പോകാം". ഞാന്‍ തലക്കടി കൊണ്ടത് പോലെ തരിച്ചു നില്ക്കുകയും, തുടര്‍ന്ന് തെറിച്ചു വീഴുകയും ചെയ്തു. എന്നെ താങ്ങിയെടുത്ത് അമ്മാവന്മാര്‍ മാവെലിയില്‍ കൊണ്ട് പോയി. വെയിറ്റര്‍ അന്തം വിട്ടു, "ഇവനല്ലേ പത്ത് മിനിട്ട് മുന്‍പേ ഒരു വീശു വീശി പോയത്" എന്നായിരിക്കാം ദുഷ്ടന്‍ ചിന്തിച്ചത്. ഞാന്‍ പല ഒഴി കഴിവും പറഞ്ഞെന്കിലും ഒന്നും വേവുന്ന മട്ടില്ല. വെയിറ്റര്‍ ദുഷ്ടന്‍ വല്ലതും ചോദിച്ചേക്കുമോ എന്ന ഭയം കാരണം കഴിവതും മൊഖം തിരിച്ചും മറച്ചും പിടിക്കാന്‍ ശ്രമിച്ചു, എന്നിട്ടും പഹയന്‍ എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ഒരിറ്റു കനിവിന്നായി ഞാന്‍ കെഞ്ചി, പകുതി ചോറ് മതിയായിരുന്നെന്നു പറഞ്ഞു നോക്കി, നടന്നില്ല.
ഒടുവില്‍ അടിച്ചു ഫിറ്റായി, നില്‍ക്കാനും നടക്കാനും കിടക്കാനും വയ്യാത്ത പരുവത്തില്‍ എങ്ങിനെയോ ബസ്സില്‍ വലിഞ്ഞു കയറി നാട്ടിലേക്ക്. ബസ് സ്റ്റോപ്പില്‍ നിന്നും വീട് വരെ ഒരു വിധം നടന്നെത്തി. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു....പറയണ്ടല്ലോ, എവിടെക്കെന്ന്‍.
4 comments:
kothippikkalle! adipoli post.
പടച്ചോനേ...ഇമ്മതിരിയൊക്കെ കയ്യിലുണ്ടോ?
കുറെ ചിരിച്ചു...അടിപൊളിയായിട്ടുണ്ട്
ഹ ഹ ഹ..... നല്ല കലക്കന്‍ പോസ്റ്റ്.. ഒരു ബഷീര്‍ക്കഥ പോലുണ്ട്... :D
“ശാപ്പാട് രണ്ടാള്‍ക്ക് കഴിക്കാം. ഞാനാകട്ടെ, ഒരു വീര്‍പ്പിനു രണ്ടാള്‍ മാതിരി മുഴുവനും അകത്താക്കി.” - ഹ ഹ അതു കലക്കി
Post a Comment