Friday, November 12, 2010

കഥകളുറങ്ങുന്ന അരോമ

കഥകള്‍ നിറഞ്ഞൊരു കാലമായിരുന്നു അത്. സ്വപ്നങ്ങളും, പ്രതീക്ഷകളും അതിലേറെ കദനങ്ങളും നിറഞ്ഞ കാലങ്ങള്‍. ദോഹയുടെ നെഞ്ചത്ത്, തിരക്ക്‌ പിടിച്ചതെന്നു പറയാവുന്ന എന്നാല്‍ ശാന്തമായ ഒരു കോണില്‍, ഒരുപറ്റം പ്രവാസികള്‍ എല്ലാ വ്യത്യാസങ്ങളോടും കൂടെ ഒരുമിച്ച് കഴിഞ്ഞ ഒരു തറവാട്. അതായിരുന്നു "അരോമ".

ആറു മുറികള്‍. ഏകദേശം പല കാലങ്ങളിലായി ഇരുപതില്‍ പരം മനുഷ്യ ജീവിതങ്ങള്‍. കേരളത്തിന്റെ മിക്കവാറും എല്ലാ ജില്ലകളെയും അവര്‍ പ്രതിനിധീകരിച്ചു. ഭാഷാ വൈവിധ്യങ്ങളോടെ, ജീവിത രീതികളുടെ ഏറ്റക്കുറച്ചിലുകളോടെ, അവരോന്നിച്ച്ചു കഴിഞ്ഞു. ഓരോ മുറികളിലും ജീവിതം വ്യത്യസ്തങ്ങളായിരുന്നു. ഉപ്പയും, സുലൈമാനിക്കയും താമസിച്ചിരുന്ന മുറിയായിരുന്നു അദ്ധ്യാത്മിക കേന്ദ്രം. അവിടെ രാത്രി പത്തിന് മുന്‍പേ എന്നും വിളക്കണഞ്ഞു. അന്നേരം മറ്റുള്ള മുറികളില്‍ ജീവിതം തുടങ്ങുകയായിരിക്കും. കടകളില്‍ നിന്നും ജോലി കഴിഞ്ഞെത്തുന്നവര്‍ ഭക്ഷണം കഴിയുന്നതോടെ മുറികളില്‍ ഒന്നിക്കുന്നു. പിന്നെ കഥകള്‍ പറഞ്ഞും, തലേ ദിവസം ബാക്കി വച്ച സിനിമ കണ്ടും, തമാശകള്‍ കാണിച്ചും, അനാവശ്യമായി വളി വിട്ടും നേരം പുലര്‍ച്ചെയാകും കിടന്നുറങ്ങാന്‍.

ആദ്യം ആരോമയുണ്ടായി. അതിനും മുന്‍പ് മമ്മൂക്കഉണ്ടായിരുന്നു. കാട്ടില്‍ മമ്മുക്ക. കൊളംബസ് അമേരിക്ക കണ്ടെത്തിയത്‌ പോലെ, മമ്മൂക്കയാണ് അരോമ കണ്ടെത്തിയതെന്നും, അല്ലെന്നും വാദങ്ങളുണ്ട്. അതെന്തായാലും അരോമ ഒരു പെരും തറവാടു തന്നെയായിരുന്നു. അവിടെ താല്‍ക്കാലിക താമസക്കാര്‍ക്ക് പോലും സ്ഥിരം മുറിയും കട്ടിലും ഉണ്ടായിരുന്നെങ്കിലും, സ്ഥിരതാമാസക്കാരനായ എനിക്ക് ഒരിക്കലും സ്ഥിരമായി ഒരു മുറിയോ കട്ടിലോ ഉണ്ടായിരുന്നില്ല. വിരഹത്തിന്റെ ചൂടില്‍ വിയര്‍ത്തു കുളിച്ച്, സ്വപ്നങ്ങളും പ്രതീക്ഷകളും താലോലിച്ച്, പലപ്പോഴും നാലും അഞ്ചും പേരുള്ള മുറിയില്‍ ഏകാന്തതയുടെ കമ്പിളിക്കുള്ളില്‍, പ്രണയിനിയുടെ കത്തിലെ വരികളുടെ മഞ്ഞു തുള്ളികള്‍ പൊഴിച്ച തണുപ്പത്ത്‌ വിറങ്ങലിച്ച് കിടന്നുറങ്ങിയ ഇന്നലെകള്‍. എല്ലാം ഇന്നലെയെന്നത് പോലെ.

ഇന്ന്‍ അരോമയില്ല. നഗരവികസനതിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ക്ക്‌ കാട്ടില്‍ മമ്മുക്കാനെ അറിയില്ലല്ലോ. പാറമ്മല്‍ മൊയ്തുക്കാനെയോ, ഉപ്പാനെയോ, സുലൈമാനിക്കാനെയോ അറിയില്ല. പുലര്‍ച്ചെ താഴെയുള്ള കട തുറന്ന്‍, പാതിരാത്രി വരെ കച്ചവടം ചെയ്ത ഉമ്മര്‍ക്കാനെയോ, ശേഷം ഞങ്ങള്‍ ബാക്കിയുള്ള അന്തെവാസികളെയോ അവര്‍ക്കാര്‍ക്കും അറിയില്ല. പതിറ്റാണ്ടുകള്‍ അവിടെ താമസിക്കുകയും, കച്ചവടം മറ്റു തൊഴിലുകള്‍ തുടങ്ങിയവയില്‍ വ്യാപരിക്കുകയും ചെയ്ത ആരെയും അവര്‍ക്ക്‌ അറിയാന്‍ വഴിയില്ല. അതെല്ലാം അവരവരുടെ സ്വകാര്യ ദുഖങ്ങലോ, സന്തോഷങ്ങളോ, അഹങ്കാരങ്ങളോ ആയി അവശേഷിക്കട്ടെ.

അരോമയില്ലെങ്കിലും അരോമയിലെ കഥകള്‍ അവസാനിക്കുന്നില്ല. പറയാനിരുന്നാല്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത്രയും കഥകള്‍ പിന്നെയും ബാക്കിയാവും. അങ്ങിനെയുള്ള നാളുകളില്‍ നടന്ന വിശ്വസനീയവും അവിശ്വസനീയവുമായ പല കഥകളില്‍ ഒന്ന്, അടുത്ത പോസ്റ്റില്‍ പറയാം.

(ഇങ്ങിനെ വിട്ടെന്കിലെ വല്ലവനും ബ്ലോഗിലെക്കൊന്ന്‍ തിരിഞ്ഞു നോക്കുള്ളൂ.)

Thursday, October 21, 2010

തൂശനിലയില്‍ ഒരു സദ്യ

നഗരത്തില്‍ എന്തോ പഠിച്ചു കൊണ്ടിരുന്ന കാലം. ഒരു പാട് പഠിച്ചിട്ടില്ലാത്തത് കൊണ്ട് എന്തായിരുന്നു പഠിച്ചോണ്ടിരുന്നത് എന്നത് ഇന്നും അജ്ഞാതമാണ്. അന്നും ശാപ്പാടെന്നു കേട്ടാല്‍ കമഴ്ന്നടിച്ചു വീഴുന്ന പതിവുണ്ടായ്കയാല്‍, അത്തരം സദ്‌വാര്‍ത്തകള്‍ കേള്‍ക്കാന്‍ മനസ്സ്‌ എന്നും വിശന്നു കൊതിച്ചു പോന്നു. എന്തെങ്കിലും അത്യാവശ്യത്തിനു വീട്ടില്‍ നിന്നും എങ്ങോട്ടെങ്കിലും പറഞ്ഞയച്ചാല്‍, മേല്‍ പ്രസ്താവിച്ച വിശപ്പും എന്റെയോന്നിച്ചു ഭാണ്ഡം മുറുക്കി പുറപ്പെടുക പതിവായിരുന്നു. അക്കാലങ്ങളില്‍, ടൌണില്‍ നിന്നും എന്തെങ്കിലും കഴിക്കാതെ വീട് പൂകുന്ന പതിവും ഇല്ലായിരുന്നു. ഇത്രയും ആമുഖമായി പറഞ്ഞു കൊള്ളട്ടെ.

ഒരുനാളില്‍ പതിവുപോലെ സംഭാഷണ മദ്ധ്യേ ഭക്ഷണ വിഷയം കടന്നു വന്നപ്പോള്‍, കുമാരന്‍ ഗുമസ്തന്‍ മകന്‍ വിജയനാണ് അത് പറഞ്ഞത്‌, വടകരയില്‍ ഒരു പുതിയ ശാപ്പാട് കേന്ദ്രം തുറന്നിരിക്കുന്നു. മാവേലി സ്റൊരുകാരുടെ വക, സബ്‌സിഡിയോടെ ഇല നിറച്ചുണ്ണാന്‍ പറ്റിയ ഒരു റസ്റൊറന്റ്റ്. ഉടനെ മനസ്സില്‍ കുറിച്ചു, അടുത്ത വടകര സന്ദര്‍ശനത്തിന്റെ ഡയറിയില്‍ ഇവനെ ശരിപ്പെടുത്തിയെക്കാം. മാതൃഭൂമി വടകരയിലാകയാല്‍, ചില വാരാന്തങ്ങളിലും മറ്റും സന്ദര്‍ശനം പതിവായിരുന്നു.‌

പ്രതീക്ഷിച്ച വാരാന്തം വന്നെത്തി. അമ്മാവനെ കാണാന്‍ പോകുന്നു. ചില വീട്ടു കാര്യങ്ങള്‍, കൂട്ടത്തില്‍ എന്റെ ശാപ്പാട് പരിപാടിയും. ഉച്ചയോടെ അമ്മാവന്റെ കടയിലെത്തി. ഭയങ്കര തിരക്ക്‌. ഒരു നിമിഷം പോലും സംസാരിക്കാന്‍ സാധ്യമല്ലാത്ത തിരക്ക്. മൊത്തക്കച്ചവടത്തിന്റെ മൂര്‍ധന്യം. സുഹൈലെ, ഒരു മിനിറ്റേ...ഇടയ്ക്കിടക്ക് അമ്മാവന്‍ വിളിച്ചു പറയുന്നതല്ലാതെ സീറ്റില്‍ നിന്നെണീക്കാന്‍ പോലും സമയമില്ല. ഒന്നര മണിയായപ്പോള്‍ സമയബന്ധിതമായി വിശപ്പ്‌ എന്നെ പിടികൂടുകയും, രണ്ടു മണിയോടെ ആക്രാന്തത്തോടെ കടന്നാക്രമണവും തുടങ്ങി. അമ്മാവന്‍ ഇളകുന്ന മട്ടില്ല. ഞാന്‍ പെട്ടെന്ന് പറഞ്ഞു, അമ്മാവോ, ഒരു ചങ്ങാതിയെ കണ്ടു ഇപ്പോഴിങ്ങേത്തിയെക്കം. ഓക്കേ ഓക്കേ അതാ നല്ലത്. അമ്മാവന്‍ ഉവാച. കേട്ട പാതി കേള്‍ക്കാത്ത പാതി, മാവേലി റസ്റൊറന്റിലെക്ക് ഒരോട്ടം. തൂശനിലയില്‍ ഉഗ്രന്‍ സദ്യ തന്നെ. മനം കുളിര്‍ത്തു. ഒരു കിണ്ണം നിറയെ ഒന്നാന്തരം പാലക്കാടന്‍ മട്ടയുടെ ചോറ്, വെണ്ടയ്ക്കാസാമ്പാര്‍, മോര് തേങ്ങാപാലില്‍ കാച്ചിയത്, ഇളം മഞ്ഞ നിറത്തില്‍ മനം നിറച്ച് അവിയല്‍, കാബേജ് വറുത്തത്, തൈര്, കുമിള പോലെ പൊന്തിയ പപ്പടം, രസമുകുളങ്ങളെ കീഴടക്കാന്‍ മുളകും, ഉപ്പും, കായവും ചേര്‍ത്ത് കാച്ചിയ രസം..ഒന്നും പറയണ്ട, ഞാനങ്ങു നിറഞ്ഞു. ഒരു ശാപ്പാട് രണ്ടാള്‍ക്ക് കഴിക്കാം. ഞാനാകട്ടെ, ഒരു വീര്‍പ്പിനു രണ്ടാള്‍ മാതിരി മുഴുവനും അകത്താക്കി. തുടര്‍ന്ന്‍ ഒന്നും സംഭവിക്കാത്തത് പോലെ വീണ്ടും അമ്മാവ സന്നിധിയിലേക്ക്. എന്നെ കണ്ടതും പുലി ചാടിയിറങ്ങി, "ങ്ഹാ..നീയെവിടെപ്പോയിരുന്നു, ഞാന്‍ നിന്നെയും കാത്ത്തിരിപ്പല്ലേ, വാ ചന്ദ്രാ (പാര്‍ട്ട്ണര്‍) ഇന്ന് സുഹൈലുള്ളതല്ലേ, നമുക്ക്‌ ആ പുതിയ മാവേലി റസ്ടാറന്റില്‍ തന്നെ പോകാം". ഞാന്‍ തലക്കടി കൊണ്ടത്‌ പോലെ തരിച്ചു നില്ക്കുകയും, തുടര്‍ന്ന് തെറിച്ചു വീഴുകയും ചെയ്തു. എന്നെ താങ്ങിയെടുത്ത് അമ്മാവന്മാര്‍ മാവെലിയില്‍ കൊണ്ട് പോയി. വെയിറ്റര്‍ അന്തം വിട്ടു, "ഇവനല്ലേ പത്ത് മിനിട്ട് മുന്‍പേ ഒരു വീശു വീശി പോയത്‌" എന്നായിരിക്കാം ദുഷ്ടന്‍ ചിന്തിച്ചത്‌. ഞാന്‍ പല ഒഴി കഴിവും പറഞ്ഞെന്കിലും ഒന്നും വേവുന്ന മട്ടില്ല. വെയിറ്റര്‍ ദുഷ്ടന്‍ വല്ലതും ചോദിച്ചേക്കുമോ എന്ന ഭയം കാരണം കഴിവതും മൊഖം തിരിച്ചും മറച്ചും പിടിക്കാന്‍ ശ്രമിച്ചു, എന്നിട്ടും പഹയന്‍ എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ഒരിറ്റു കനിവിന്നായി ഞാന്‍ കെഞ്ചി, പകുതി ചോറ് മതിയായിരുന്നെന്നു പറഞ്ഞു നോക്കി, നടന്നില്ല.

ഒടുവില്‍ അടിച്ചു ഫിറ്റായി, നില്‍ക്കാനും നടക്കാനും കിടക്കാനും വയ്യാത്ത പരുവത്തില്‍ എങ്ങിനെയോ ബസ്സില്‍ വലിഞ്ഞു കയറി നാട്ടിലേക്ക്‌. ബസ്‌ സ്റ്റോപ്പില്‍ നിന്നും വീട് വരെ ഒരു വിധം നടന്നെത്തി. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു....പറയണ്ടല്ലോ, എവിടെക്കെന്ന്‍.

Thursday, October 7, 2010

ഡയാലിസിസ് പുഷ്പങ്ങള്‍

ഡാലിയ പുഷ്പത്തെ അറിയുമായിരിക്കും. ഇത് ഡയാലിസിസ് പുഷ്പങ്ങളുടെ കഥ. വിടര്‍ന്ന്‍ രണ്ടോ മൂന്നോ നാള്‍ മാത്രം സുഗന്ധം പൊഴിച്ചു നില്‍ക്കുകയും, പിന്നെ പതുക്കെ വാടിത്തുടങ്ങുകയും ചെയ്യുന്ന പൂക്കള്‍. ഇന്ന് ഡയാലിസിസ് പൂക്കളുടെ ദിവസം. പുറം മനസ്സില്‍ സന്തോഷം തോന്നി. കാരണം അകം മനസ്സിന് എന്നും കരള്‍ പിളര്‍ത്തുന്ന യാഥാര്‍ത്യങ്ങളോടാണ് കമ്പം. ഞാന്‍ വാടിത്തുടങ്ങിയിരുന്നു. ഭക്ഷണത്തിനൊന്നും രുചി തോന്നിയില്ല. ശരീരം വേദനിക്കില്ല, എന്നാല്‍ ശരീരത്തേക്കാള്‍ വേദനിക്കുന്ന മനസിന്റെ ഭാരം താങ്ങാവുന്നതിലുമധികമാവും. പടവുകള്‍ കയറിയെത്താന്‍ പ്രയാസപ്പെടുകയും, കണ്ണുകളില്‍ കനം തൂങ്ങുകയും ചെയ്യും. കാലുകള്‍ വലിഞ്ഞു മുറുകുകയും, ജീവിതം വിരസമാവുകയും ചെയ്യും.



തൊടിയിലെ‍ പൂക്കള്‍ക്ക്‌ നിറവും മണവും മാഞ്ഞ് പോകുന്ന, കാറ്റില്‍ ഇല മര്‍മ്മരങ്ങളുയരാത്ത നേരം. തുറന്നിട്ട ജാലകത്തിലൂടെ ഒട്ടും സുഖമില്ലാത്ത കാറ്റ അടിച്ച്ചുവീശുന്നു. പുറത്ത്‌ എല്ലാം പതിവ് പോലെ, എന്റെ ഉള്ളില്‍ മാത്രം പതിവുകള്‍ തെറ്റി തുടങ്ങിയിരുന്നു. അതിസങ്കീര്‍ണ്ണമായ ചംക്രമണ പ്രക്രിയകളിലൂടെ ശുധീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ശരീരത്തിലെ രക്തത്തില്‍, വിഷാംശം കൂടി വരുന്നു. ഇനിയൊരു ഡയാലിസിസ് പൂ വിടര്‍ന്നെന്‍കില്‍‍ മാത്രമേ വീണ്ടും രക്തം ശുധമാവുകയുള്ളൂ. അതിനായുള്ള കാത്തിരിപ്പിലാണ്.

ലൌഡ് സ്പീക്കര്‍ എന്ന ചിത്രത്തില്‍, ഡയാലിസിസ് രംഗങ്ങളില്‍ ഓര്‍മ്മകളുടെ ശോകമൂകസംഗീതം നമുക്ക് കേള്‍ക്കാം. സംവിധായകന്‍ ജയരാജ്‌ അത് നന്നായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. അതുവരെ കഴിഞ്ഞുപോയ നിറമാര്‍ന്ന ഇന്നലെകളെല്ലാം ആ സമയത്ത്‌ മനസ്സിലേക്ക് ഓടിയെത്തുന്നു. നമ്മുടെ രക്തം ശുധീകരിക്കപ്പെട്ടു കൊണ്ടിരിക്കെ, മനസ്സില്‍ ചിന്തകള്‍ പല കൈവഴികളിലെക്ക് ഒഴുകിക്കൊണ്ടിരിക്കും. നാല് മണിക്കൂര്‍ മറ്റെന്തു ചെയ്യാന്‍. കണ്ണുകള്‍ തുറന്നാലും, ഇറുകെയടച്ചാലും മനസ്സില്‍ വിഹ്വല ചിന്തകള്‍ മാത്രം. ഒടുവില്‍, പൂ വിരിയുകയായി. രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് പകര്‍ന്നു കിട്ടിയ പുതിയ ഊര്‍ജ്ജം, പുതു ജീവന്‍.

വീണ്ടും ജീവിതത്തിലേക്ക്‌. നിറമാര്‍ന്ന പകലുകളിലേക്കും, രാത്രിയുടെ സ്വപ്നങ്ങളിലേക്കും ചിറകുകള്‍ വിടര്‍ത്തി ഒരു പറക്കല്‍. നാസാരന്ധ്രങ്ങളില്‍ പുതു ജീവന്റെ, പുതിയ പൂവിന്റെ മണം. രണ്ടു നാളുകള്‍ കൊണ്ട് വീണ്ടും വാടനാണെന്നറിഞ്ഞിട്ടും,... പ്രതീക്ഷകളോടെ..............

Sunday, October 3, 2010

പ്രണയം കവര്‍ന്ന കാലം

ഇതെന്റെ പ്രണയ കഥ. ഇന്നത്തെ പ്രണയ കഥകളില്‍ നിന്നും ഒട്ടു വ്യതസ്തമാണ് തീര്‍ച്ചയായും അന്നത്തെ പ്രണയം. ഇന്ന് നൂറ്റി അന്‍പത് സിസി യില്‍ കുറഞ്ഞ ബൈക്ക്‌ പിള്ളാര്‍ നോക്കുന്നു പോലുമില്ല, പോരാത്തതിന് ഇന്റര്‍നെറ്റും മൊബൈലും വേറെയും. എന്നാല്‍ എന്റെ നല്ല കാലങ്ങളില്‍ നൂറു സിസി യമഹയായിരുന്നു സൂപ്പര്‍ സ്റ്റാര്‍.



ഒരു പ്രണയമുണ്ടാവുക എന്നത് ചെറുപ്പക്കാര്‍ക്കിടയില്‍ ആശയും അതിലേറെ ആവേശവുമായിരുന്ന പ്രായം. ഒത്ത പെണ്കുട്ടികളുടെയെല്ലാം മുഖത്ത്‌ പ്രതീക്ഷയോടെ നോക്കുമായിരുന്നു, എന്നാല്‍ ആരും മൈന്റു ചെയ്തതെയില്ല. അത്രയ്ക്കുണ്ടായിരുന്നു ഗ്ലാമര്‍. അങ്ങിനെ ഒരുനാള്‍ എന്റെ മാവും പൂത്തു. പൂത്തുലഞ്ഞു എന്ന് കുറച്ച് കഴിയുമ്പോള്‍ നിങ്ങള്‍ വായിച്ചെക്കും.



ടൌണിലെ പടിത്തത്ത്തിന്റെ അവസാന മാസങ്ങള്‍. ബസ്സില്‍ ഇടിച്ചു കയറിയുള്ള പോക്കും വരവും. പതിവുപോലെ പ്രണയിനിയെ തിരഞ്ഞ് എന്റെ കണ്ണുകള്‍. ഒടുവില്‍ അവള്‍ വന്നു. നാണത്തില്‍ പൊതിഞ്ഞ മുഖവുമായി, കരളിലെക്ക് തൊടുത്തുവിട്ട ഒരു നോട്ടം. (മോനെ, മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി) ഞാന്‍ പകുതി ബോധത്തിലായി. പിന്നെ, ബസ്‌ ഇറങ്ങുന്നത് വരെ കണ്ണുകള്‍ തമ്മില്‍ കഥകള്‍ കൈ മാറിയോ? അറിയില്ല. എന്തായാലും അവളുടെ ബസ്‌ സ്റൊപ്പും തുടര്‍ന്ന് വീടും കണ്ടെത്താന്‍ എന്റെ ബുദ്ധി ഒരു പാട് ചെലവാക്കേണ്ടി വന്നില്ല.



പെരിങ്ങതൂരിനടുത്ത് താമസം. പിന്നീട് മിക്ക ദിവസങ്ങളിലും ഞാന്‍ കറങ്ങിയടിച്ച്ച്ച സ്ഥലം. പതിയെ പഠിത്തം കഴിഞ്ഞു ഞാന്‍ ചെറിയൊരു ട്രയിനീ ജോലിയുമായി വീണ്ടും നഗരത്തില്‍. എനിക്കും ഉണ്ടായി ഒരു നൂറു സിസി ബൈക്ക്‌. വളരെ കഷ്ടപ്പെട്ട് രാവിലെയും വൈകിട്ടും അവള്‍ കയറുന്ന "അബ്രാബ്‌" ബസ്സിനു മുന്‍പിലായി എന്റെ ബൈക്ക്‌ സവാരി. എന്റെ ധീര സാഹസിക സവാരികള്‍ കണ്ട്‌ അവള്‍ കോരിത്തരിച്ചിരിക്കണ൦. ഇനിയൊരു പ്രേമ ലേഖനമാവം. കത്ത് കൈമാറാന്‍ പറ്റിയ ഒരാളെയും കണ്ടെത്തി. സൈറ്റ്‌ ഓഫീസില്‍ വച്ച് വെട്ടിയും തിരുത്തിയും, വീണ്ടും ചുരുട്ടിക്കളഞ്ഞു൦, വീണ്ടും എഴുതിയും അവസാനം പ്രേമലേഖനം തയ്യാര്‍. അതുമായി മുന്‍ നിശ്ചയ പ്രകാരം, സമീപത്തെ പയ്യനെ പറഞ്ഞു വിട്ടു, അവളുടെ വീട്ടിലേക്ക്‌. പിന്നെ മറുപടിക്കായി ദിവസവും നോമ്പ് നോറ്റ് കാത്തിരുന്നു. നിര്‍വ്വികാരനായ പയ്യന്‍, ചെറു ചിരിയോടെ എന്നെയും കാത്തു നിന്ന ദിവസം ബസ്‌ സ്റ്റോപ്പില്‍ അവളും ഉണ്ടായിരുന്നു. കണ്ണില്‍ പ്രണയത്തിന്റെ ആയിരം കവിതകളുമായി എന്റെ പ്രണയിനി. നിഗൂഡമായ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. ബസ്‌ കയറി അവള്‍ പോയി. ശേഷം പയ്യന്‍, " ഇതാ മറുപടി, ചെലവുണ്ട്. മറക്കണ്ട". ഭൂമി പിളര്‍ന്ന്‍ ഞാന്‍ പാതാളത്തിലേക്ക് പോയോ അതോ പയ്യന്‍ പോയോ എന്നറിയില്ല, എന്തായാലും പിന്നെ പയ്യനെയെന്നല്ല, ഒരു ജന്തുവിനെയും ഞാനവിടെ കണ്ടില്ല. കണ്ണുകളില്‍ പ്രേമാന്ധത. ഉള്ളില്‍ പ്രേമത്തിന്റെ കുളിര്‍ കാറ്റ്. കത്ത്‌ പോക്കറ്റിലാക്കി, ബൈക്കുമായി പറപറന്നു, പറ്റിയ ഒരിട൦ തേടി. ഒടുവില്‍ മെയിന്‍ റോഡില്‍ നിന്നും മാറി ഒരിട വഴിയിലേക്ക്‌ ഇടിച്ചു കയറ്റി നിര്‍ത്തി, സാവധാനം കത്ത് തുറന്നു വായിച്ചു. (മോനെ, മനസ്സില്‍ വീണ്ടും ലദു പൊട്ടി)



ആനന്ദ ലബ്ദിക്ക് ഇനിയെന്തു വേണം. വീണ്ടും വായിച്ചു. ഒന്നും രണ്ടും പത്തും തവണ വായിച്ചു. എന്റെ പ്രണയ വഴികളില്‍ മുല്ലപ്പൂ മണ൦ വിരിഞ്ഞു. പ്രണയം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. എങ്ങും അത്തറിന്റെ സുഗന്ധം വീശിയടിച്ചു. പ്രേമത്തിന്റെ മുല്ലവള്ളികള്‍ പൂത്തുലഞ്ഞു നിന്ന വഴികളിലൂടെ എന്റെ നൂറു സിസി ബൈക്ക്‌ ചീറിപ്പാഞ്ഞു. വീണ്ടും മറുപടി, വീണ്ടും പ്രണയ വര്‍ണ്ണങ്ങള്‍. സ്വപ്നലോകത്ത് ഞാനും അവളും മാത്രമായ ദിന രാത്രങ്ങള്‍. ഊണിലും ഉറക്കിലും അവള്‍ മാത്രം. പക്ഷെ എല്ലാം കുഴഞ്ഞു മറിഞ്ഞത്‌ പെട്ടെന്നായിരുന്നു.



എനിക്ക് വിസ വന്നു. കരള്‍ പിളരും വേദനയുടെ കാലങ്ങള്‍ താണ്ടി ഞാന്‍ ഖത്തരിലെക്കും, ക്രമേണ അവള്‍ കല്യാണം കഴിഞ്ഞു പുതിയൊരു ജീവിതത്തിലേക്കും വഴി പിരിഞ്ഞു. പഴയ കഥകള്‍ മറന്ന ഞാന്‍ കല്യാനമെല്ലാം കഴിഞ്ഞു, ഭാര്യയുമൊത്ത് സ്വസ്ഥസുന്ദരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന കാലം. ഒരുനാള്‍ നട്ടുച്ചയ്ക്ക് രാധക്ര്ഷ്നേട്ടന്റെ കടയുടെ മുന്നില്‍, വിജനമായ പാതയോരത്ത്‌ നില്‍ക്കവേ, ഒറ്റയ്ക്കവള്‍ നടന്നു വരുന്നത് കണ്ടു ഞാന്‍ തെല്ലൊന്നു ഞെട്ടി. (മോനെ, മനസ്സില്‍.....ഇത്തവണ ലട്ടുവേന്നല്ല, ഓലപ്പടക്കം പോലും പൊട്ടിയില്ല) ഒന്ന് ചിരിച്ചു, അതിനൊരു മറുചിരിയും. എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു തുടങ്ങിയ ഔപചാരികതകള്‍ക്ക് ശേഷം, വീട്ടിലേക്കുള്ള വളവു തിരിയുന്നതിനിടയ്ക്ക് വെറുതെ ചോദിച്ചു. "പണ്ടത്തെ പ്രേമലേഖനം സത്യത്തില്‍........." ഒട്ടു ഗൌരവത്തോടെ, എന്നാല്‍ സാവധാനം അവള്‍, "ഓ,..അതൊക്കെ ആ ചെക്കന്റെ പണിയായിരുന്നില്ലേ." ഇത്തവണ മനസ്സില്‍ ലടുവിന് പകരം ബോംബാണ് പൊട്ടിയത്‌.

മനസ്സില്‍ ചെക്കന് നന്ദി പറഞ്ഞു ഞാനെന്റെ വീട്ടിലേക്കുള്ള വളവു തിരിഞ്ഞു.

Thursday, September 30, 2010

അലി

ചരിത്ര പുരുഷനായ അലിയല്ല. ചരിത്രത്തില്‍ ഇടം നേടാതെ പോകുന്ന ആയിരക്കണക്കിന് അലിമാരില്‍ ഒരാള്‍, വെറുമൊരു അലി.

ദോഹയിലെ തിരക്ക് പിടിച്ചൊരു മൂലയില്‍, ചെറിയ ഒരു സിറിയന്‍ ഭക്ഷണശാല. നല്ല ഷവര്‍മയും, ഫിലാഫിലും, ചില അറേബ്യന്‍ മധുരങ്ങളും മാത്രം വില്‍ക്കുന്ന കൊച്ചു കട. രാവിലെ എട്ടുമണിക്ക്‌ തുറന്നാല്‍ രാത്രി എട്ടു മണിക്കാണ് പൂട്ടുന്നത്. അത്രയും നേരം അവിടത്തെ പാവം പിടിച്ച പനിക്കാരെല്ലാം അവിടെത്തന്നെ കാണും. മിക്കവാറും കൊച്ചു കൊച്ചു നേപ്പാളികള്‍. അതിലൊരു നേപ്പാളിയാണ് നമ്മുടെ അലി.

ആദ്യമായി തുടങ്ങിയ ബിസിനസ് പൊളിഞ്ഞു കൊണ്ടിരുന്ന സമയം, എന്‍ജിനില്‍ പക്ഷിയിടിച്ച വിമാനം പോലെ പതുക്കെ താഴോട്ട് പതിച്ച് കൊണ്ടിരുന്ന ദിവസങ്ങള്‍. എന്നും റൂമിലെത്തുന്നത് വളരെ വൈകി. മെസ്സിനു കാശ് കൊടുക്കനില്ലത്തത് കാരണം പുറമേ നിന്നായിരുന്നു ഭക്ഷണം. അത്തരത്തിലൊരു വൈകിയ രാത്രിയിലാണ് ആദ്യമായി അലിയുടെ കടയില്‍ ഞാനെത്തിപ്പെടുന്നത്. ഷവര്‍മ ശരിപ്പെടുത്തുന്ന പയ്യനെ ശ്രദ്ധിച്ചു. എല്ലാവരെയും പരിചയപ്പെടാന്‍ നമുക്ക് തോന്നണമെന്നില്ല, പക്ഷെ ചില മുഖങ്ങള്‍ നമ്മെ പരിചയപ്പെടാന്‍ നിര്‍ബന്ധിച്ചെക്കും. അലിയും അത്തരത്തിലോരാലായിരുന്നു. നിര്‍വ്വികാരനായി, വൈകിയ രാത്രിയിലും ക്ഷോഭങ്ങളില്ലാതെ, പണിയെടുക്കുന്ന കൊച്ചു പയ്യന്‍. ഷവര്‍മയുമായി ഞാന്‍ എതിരെയുള്ള പൂട്ടിയ കടയുടെ പടവുകളിലിരുന്നു. കടയടക്കാനുള്ള തിരക്കുകളിലായി അലിയു കൂട്ടരും. ഒരു നിമിഷം, ഞാനെന്റെ കഷ്ടതകള്‍ മറന്നു. എന്റെ കടങ്ങളും, കടക്കാരും പെട്റെന്നില്ലതെയായി. പിന്നെ അതൊരു പതിവായി. മിക്ക രാത്രികളിലും ഒന്നും വാങ്ങിക്കഴിചില്ലെന്കിലും അവരുടെ ജീവിതം കണ്ടു നില്‍ക്കുന്നത്‌ മറ്റെല്ലാം മറക്കാന്‍ എന്നെ സഹായിച്ചു. അവരുടെ മുഖത്ത്‌ ടെന്‍ഷന്‍ ഒട്ടുമെയില്ലായിരുന്നു. അല്ലെങ്കിലും അവര്‍ക്കെത് ടെന്‍ഷന്‍. കടയുടെ വാടക, പണിക്കരുടെ ശമ്പളം, മുനിസിപ്പാലിറ്റി, വിസ ഇതൊന്നും അവര്‍ക്ക്‌ ആലോചനാ വിഷയമായിരുന്നില്ല. എന്നാല്‍ മുതലാളിയായ സിരിയക്കാരന്റെ മുഖത്ത്‌ ഇതെല്ലം എഴുതി വെച്ച്ചിട്ടുമുന്റായിരുന്നു.

അലിയുമായി വലിയ സൗഹൃദത്തിലായി. അവന്റെ മറ്റു സഹപ്രവര്ത്തകരുംയും. ഒരു ദിവസം എല്ലാവരും കൂടെ എന്നെ അവരുടെ താമസ സ്ഥലത്തേക്ക്‌ ക്ഷണിച്ചു. രാത്രി പന്ത്രണ്ടു മണിക്ക അവിടെ ജീവിതം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ചോറും കറിയും വെക്കല്‍, ടിവി കാണല്‍, അലക്കല്‍...ആകെ ബഹള മയം. പകല്‍ മുഴുവന്‍ കോഴിയും ശവര്‍മയും കൊണ്ട് മല്ല യുദ്ധം നടത്തിയവര്‍, രാത്രി പന്ത്രണ്ടു മണിക്ക് ചോറും പരിപ്പ് കറിയും അടിച്ച് കിടക്കുന്നു. അവരുടെ കഥകളില്‍ ഞാനും പങ്കു ചേര്‍ന്നു. അവരുടെ പലരുടെയും വീടുകളില്‍ ഞാനുമോരു കഥാപാത്രമായി. എല്ലാം മറന്നു ഞാനുമൊരു നേപ്പാളിയായി. ഒരു തമിഴന്‍ മാത്രമുണ്ടായിരുന്ന ആ മുറിയില്‍ അവനും ഹിന്ദി പറഞ്ഞു. കഷ്ടം പിടിച്ച ദിവസങ്ങളിലെല്ലാം ഞാന്‍ അവിടെയെത്തി. കടങ്ങള്‍ തലയില്‍ കയറി മതത് പിടിച്ച്ചപ്പോഴെല്ലാം മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്ത ഞാനെന്റെ നേപ്പാളി മാളത്തിലെക്ക് വലിഞ്ഞു.

പരിചയപ്പെട്ട്, നമ്മള്‍ തരക്കേടില്ലാത്ത ജോലിയോ കച്ചവടമോ ചെയ്യുന്നവനാനെന്നരിഞ്ഞാല്‍ ഏതൊരു നേപ്പാളിയും ഉടനെ ചോദിക്കുന്നൊരു ചോദ്യമുണ്ട്. "ഏക്‌ ബിശ മിലേഗാ സാബ്‌"? പക്ഷെ അലിയും കൂട്ടുകാരും മാത്രം അതെന്നോടു ചോദിച്ചില്ല.

മാസാവസാനം കിട്ടുന്ന (കിട്ടിയെന്കിലായി) അറുന്നൂറോ, എഴുന്നൂറോ റിയാലിന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന എല്ലാ നേപ്പളികള്‍ക്കും എന്റെ പ്രണാമങ്ങള്‍. അവരും മനുഷ്യ ജീവിതങ്ങലാണെന്നരിയുക. "ഇലയും അത്താഴവും നേര്‍ത്ത കണവിളക്കുമായി" അവരെയും കാത്ത്തിരിക്കുന്നവരുന്റാകാം. നമ്മള്‍ ആരും അന്വേഷിക്കരില്ലെണ്ണ്‍ മാത്രം.

Wednesday, September 29, 2010

ചിരിക്കുന്ന വാക്കുകള്‍

പ്രിയ സുഹൃത്ത് "കെട്ടുങ്ങല്‍" പറഞ്ഞത്‌ തന്നെയാണ് ശരി. വാക്കുകള്‍ ചിരിക്കുകയാണ്, ഈ ജീവിതം ചിലനേരങ്ങളില്‍ നമുക്കായി കാത്തു വെക്കുന്ന കോമാളിത്തരങ്ങള്‍ കണ്ട്‌. അല്ലെങ്കില്‍ നല്ല സുഖമുള്ളൊരു ഹൈവേ റോഡിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന എന്റെ ജീവിതം ഇനിയൊരിക്കലും തിരിച്ചു കയറാനാവാത്ത വിധം തകര്‍ന്നടിഞ്ഞ കാട്ടു പാതകളിലെക്ക് എടുത്തെരിയപ്പെട്ടതു പോലുള്ള കോമാളിത്തരങ്ങള്‍ കണ്ട്. ഇനി ഈ പാതകളില്‍ ശ്രദ്ധിച്ച് വണ്ടിയോടിക്കെണ്ടിയിരിക്കുന്നു. ചതിക്കുഴികള്‍ എങ്ങും പതിയിരിക്കുന്നു, നിഗൂഡമായ ചിരിയോടെ. ചില നേരങ്ങളില്‍ ചക്രങ്ങള്‍ മണ്ണില്‍ ആഴ്ന്നു പോയേക്കാം. മറ്റൊന്നും ചെയ്യാനില്ലാത്ത കാലങ്ങള്‍. ഒരു പണിയുമില്ലാത്തത് കൊണ്ട് ബ്ലോഗെഴുത്ത് തുടങ്ങിയെക്കാമെന്ന് നിരീച്ച് ഇറങ്ങിത്തിരിച്ചതാണ്. അതും മനം മടുപ്പിക്കുന്ന ആശുപതിക്കളികളിലെ ഇടവേളകളില്‍ മാത്രം സാധ്യമാവുന്ന പണി. നിറങ്ങള്‍ പൂത്തുലഞ്ഞു നിന്നിരുന്ന തീരത്ത് നിന്നും ഞാന്‍ യാത്ര പുറപ്പെട്ട് ഒരു വര്ഷം തികയാറാവുന്നു. ഇനി നിറങ്ങള്‍ പൂക്കാത്ത തീരങ്ങള്‍ മാത്രം. ഇനി പഴയ ഓര്‍മ്മകള്‍ക്ക് നിറം ചാര്ത്താനായി മാത്രം ജീവിക്കാം. ദോഹ യില്ലാത്ത ഓര്‍മ്മ കൊഴിയില്ലാത്ത "കോയി ബിരിയാണി" പോലെ അര്തശൂന്യം. അതിനാല്‍ ഉടനെ ദോഹ ഓര്‍മ്മകളിലേക്ക്. വീണ്ടും പ്രിയ "കേട്ടുങ്ങലിനു", വാക്കുകളില്‍ നനവ്‌ പടര്ത്തെരുതെന്നു നീ പറയുന്നു. നനഞ്ഞ മനസ്സില്‍ നിന്ന് നനവില്ലാത്ത വാക്കുകള്‍ വരുന്നതെങ്ങിനെ, മൈ ഡിയര്‍.

Monday, September 27, 2010

ഓര്‍മകള്‍ തുടങ്ങുന്നത്

എങ്ങിനെയായിരുന്നു ഓര്‍മ്മകള്‍ തുടങ്ങിയിരുന്നത് എന്ന്‍ വ്യക്തമായിട്ടോര്‍ക്കുന്നില്ല. എങ്കിലും, എന്നും ഓര്‍മ്മകള്‍ കൂട്ടിനുണ്ടായിരുന്നു. ജിഇവിതം എന്നും സംഭവ ബഹുലമായിരുന്നത് കൊണ്ട് ഓര്‍ക്കാന്‍ മാത്രം കാര്യങ്ങളുമുണ്ടായി. ഇന്നിപ്പോള്‍ നിറങ്ങള്‍ പൂക്കാത്ത ഈ തീരത്തിരുന്ന് ഓര്‍ക്കുമ്പോള്‍ പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഓര്‍മ്മകള്‍ക്ക് പോലും കടും നിറങ്ങളാണ്.