Thursday, October 7, 2010

ഡയാലിസിസ് പുഷ്പങ്ങള്‍

ഡാലിയ പുഷ്പത്തെ അറിയുമായിരിക്കും. ഇത് ഡയാലിസിസ് പുഷ്പങ്ങളുടെ കഥ. വിടര്‍ന്ന്‍ രണ്ടോ മൂന്നോ നാള്‍ മാത്രം സുഗന്ധം പൊഴിച്ചു നില്‍ക്കുകയും, പിന്നെ പതുക്കെ വാടിത്തുടങ്ങുകയും ചെയ്യുന്ന പൂക്കള്‍. ഇന്ന് ഡയാലിസിസ് പൂക്കളുടെ ദിവസം. പുറം മനസ്സില്‍ സന്തോഷം തോന്നി. കാരണം അകം മനസ്സിന് എന്നും കരള്‍ പിളര്‍ത്തുന്ന യാഥാര്‍ത്യങ്ങളോടാണ് കമ്പം. ഞാന്‍ വാടിത്തുടങ്ങിയിരുന്നു. ഭക്ഷണത്തിനൊന്നും രുചി തോന്നിയില്ല. ശരീരം വേദനിക്കില്ല, എന്നാല്‍ ശരീരത്തേക്കാള്‍ വേദനിക്കുന്ന മനസിന്റെ ഭാരം താങ്ങാവുന്നതിലുമധികമാവും. പടവുകള്‍ കയറിയെത്താന്‍ പ്രയാസപ്പെടുകയും, കണ്ണുകളില്‍ കനം തൂങ്ങുകയും ചെയ്യും. കാലുകള്‍ വലിഞ്ഞു മുറുകുകയും, ജീവിതം വിരസമാവുകയും ചെയ്യും.



തൊടിയിലെ‍ പൂക്കള്‍ക്ക്‌ നിറവും മണവും മാഞ്ഞ് പോകുന്ന, കാറ്റില്‍ ഇല മര്‍മ്മരങ്ങളുയരാത്ത നേരം. തുറന്നിട്ട ജാലകത്തിലൂടെ ഒട്ടും സുഖമില്ലാത്ത കാറ്റ അടിച്ച്ചുവീശുന്നു. പുറത്ത്‌ എല്ലാം പതിവ് പോലെ, എന്റെ ഉള്ളില്‍ മാത്രം പതിവുകള്‍ തെറ്റി തുടങ്ങിയിരുന്നു. അതിസങ്കീര്‍ണ്ണമായ ചംക്രമണ പ്രക്രിയകളിലൂടെ ശുധീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ശരീരത്തിലെ രക്തത്തില്‍, വിഷാംശം കൂടി വരുന്നു. ഇനിയൊരു ഡയാലിസിസ് പൂ വിടര്‍ന്നെന്‍കില്‍‍ മാത്രമേ വീണ്ടും രക്തം ശുധമാവുകയുള്ളൂ. അതിനായുള്ള കാത്തിരിപ്പിലാണ്.

ലൌഡ് സ്പീക്കര്‍ എന്ന ചിത്രത്തില്‍, ഡയാലിസിസ് രംഗങ്ങളില്‍ ഓര്‍മ്മകളുടെ ശോകമൂകസംഗീതം നമുക്ക് കേള്‍ക്കാം. സംവിധായകന്‍ ജയരാജ്‌ അത് നന്നായിത്തന്നെ ചിത്രീകരിച്ചിരിക്കുന്നു. അതുവരെ കഴിഞ്ഞുപോയ നിറമാര്‍ന്ന ഇന്നലെകളെല്ലാം ആ സമയത്ത്‌ മനസ്സിലേക്ക് ഓടിയെത്തുന്നു. നമ്മുടെ രക്തം ശുധീകരിക്കപ്പെട്ടു കൊണ്ടിരിക്കെ, മനസ്സില്‍ ചിന്തകള്‍ പല കൈവഴികളിലെക്ക് ഒഴുകിക്കൊണ്ടിരിക്കും. നാല് മണിക്കൂര്‍ മറ്റെന്തു ചെയ്യാന്‍. കണ്ണുകള്‍ തുറന്നാലും, ഇറുകെയടച്ചാലും മനസ്സില്‍ വിഹ്വല ചിന്തകള്‍ മാത്രം. ഒടുവില്‍, പൂ വിരിയുകയായി. രണ്ടോ മൂന്നോ ദിവസങ്ങളിലേക്ക് പകര്‍ന്നു കിട്ടിയ പുതിയ ഊര്‍ജ്ജം, പുതു ജീവന്‍.

വീണ്ടും ജീവിതത്തിലേക്ക്‌. നിറമാര്‍ന്ന പകലുകളിലേക്കും, രാത്രിയുടെ സ്വപ്നങ്ങളിലേക്കും ചിറകുകള്‍ വിടര്‍ത്തി ഒരു പറക്കല്‍. നാസാരന്ധ്രങ്ങളില്‍ പുതു ജീവന്റെ, പുതിയ പൂവിന്റെ മണം. രണ്ടു നാളുകള്‍ കൊണ്ട് വീണ്ടും വാടനാണെന്നറിഞ്ഞിട്ടും,... പ്രതീക്ഷകളോടെ..............

6 comments:

Saheer Abdullah said...

ഡയാലിസിസ് പൂക്കള്‍ വെട്ടിമാറ്റി നമുക്ക്‌ പുതിയ വാടാത്ത പൂക്കള്‍ വച്ച് പിടിപ്പിക്കണം...
നിറങ്ങളും പ്രതീക്ഷകളും ഇല്ലാത്ത എത്രയോ ജന്മങ്ങളുടെ ഇടയില്‍ നമ്മള്‍ എത്ര അനുഗ്രഹീതര്‍!

murshi said...
This comment has been removed by the author.
murshi said...

വെറുതെ ഇരിക്കുമ്പോള്‍ തോന്നുന്ന ചില ഭ്രാന്തന്‍ ചിന്തകള്‍ക്ക് കീബോര്‍ഡ് ചുക്കാന്‍ പിടിക്കുന്നു....
നമ്മള്‍ നട്ടാലും നനച്ചാലും അത് വിടറ്ത്തുന്നതും കൊഴിക്കുന്നതും 'സര്വ്വ ശക്തനായ അല്ലാഹു ആണ്‍..'

mannunnu said...

ഇതൊന്തൊരു പുഷ്പമാണു, ഗഡീ? കേട്ടിട്ട് പെറ്റിബൂര്‍ഷ്വകളുടെ തോട്ടത്തില്‍ മാത്രം പൂക്കുന്ന ഒരു സാധനമാണെന്നു തോന്നുന്നല്ലൊ, ടാവേ.(എന്തായാലും നാല്ല പോസ്റ്റ്)

SuhaaZ Kechery / സുഹാസ് കേച്ചേരി said...

സഹീര്‍ പറഞ്ഞതാണതിന്റെ സത്യം.... ഏതോ ഒരു ഹുമാനീറ്റേറിയന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ - “ലൈഫ് ഇന്‍ ഡാര്‍ക്ക്നസ്സ്” എന്നൊരു ഫോട്ടോ ആല്‍ബം കാണാനിടയായി കുറച്ചു നാള്‍ മുമ്പ് , ബംഗ്ലാദേശിലെ ഒരു കോളനിയിലെ ഒരു ബാറ്ററി നിര്‍മാണ ഫാക്ടറിയും അതിന്റെ പരിസരവാസികളുടെ ചിത്രവും പ്രത്യേകിച്ച് കുട്ടികളുടെ.. ബാറ്ററിയില്‍ ഉപയോഗിക്കുന്ന ഏതോ ഒരു കെമിക്കല്‍ ഒരു കരിപ്പൊടിപോലുള്ള എന്തോ സാധനം അതിന്റെ മുകളി ചാക്കുവിരിച്ച് അതില്‍ ഒരു കൈകുഞ്ഞിനെ കിടത്തി ഉറക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മയുടെ ചിത്രം - ആകെ കരിമയമായ അന്തരീ‍ക്ഷം, അതുപോലെ ആരോ ഉപയോഗിച്ചു വലിച്ചെറിഞ്ഞ ഒരു കോണ്ടം ഊതിവീര്‍പ്പിച്ച് ബലൂണുപോലെയാക്കി അതുകോണ്ടുകളിക്കുന്ന ഒരു 5 വയസ്സുകാരന്‍ ബാലന്‍.......... അതും ജീവിതങ്ങള്‍, ഒരുപാടുദിവസത്തെ ഉറക്കം കെടുത്തി ആ ചിത്രങ്ങള്‍.....

haloo said...

ഇന്നത്തെ ചെറിയ വേദനകള്‍ക് ശേഷം വലിയ സന്തോഷങ്ങള്‍ ഉടനെ നമ്മെ തേടി എത്താതിരിക്കില്ല, തീരച്ചയായും,,,, പ്രയാസതോടൊപ്പം എളുപ്പവുമുണ്ട് എന്ന വിശുദ്ധ വാക്യം നമ്മെ നയിക്കട്ടെ